Monday, 25 July 2011

പ്രണയം



 
 
ഞാനും നീയും തമ്മില്‍ 
 ഒരു നായുടെ ബന്ധമുണ്ട്.
 
കിതക്കുന്നതും വാലാട്ടുന്നതും   കണ്ടാലറിയാം  
പണ്ട് പാര്‍ട്ടി ആയിരുന്നെന്നും
കവിത എഴുതിയിരുന്നെന്നും.

കൂറകള്‍




കൂറകള്‍
കൊല്ലപ്പെടുമ്പോള്‍
വിളറിയ നിറം ശേഷിപ്പിക്കുന്നു.

പാതിവറ്റിയ ഘടികാരം
പതിവുപോലെതന്നെ .

നരച്ച ആകാശത്തു പതിച്ച
കഴുകന്റെ കണ്ണാണ് നിന്റെ പ്രണയം
എന്ന് വേട്ടപ്പട്ടികള്‍ പറയും.

അരഞ്ഞാണ്‍ തെളിഞ്ഞ്
നഗ്നയായ മധുരക്കിണര്‍
കായ്ക്കാത്ത നെല്ലിമരം വളര്‍ത്തുന്നു.

വീണുമരിച്ച കുട്ടികള്‍
ജലോപരിതലത്തില്‍ വന്ന്
ശ്വാസമെടുത്തോ,
ചുംബിച്ചോ,
വിതുമ്പിയോ,
കാഴ്ച കണ്ടോ,
വഴുതിപ്പോകുന്നു.

ഏതേതിരകള്‍ ചൂണ്ടയില്‍
കൊളുത്തണമെന്നത്
അപ്പോഴാണ് നാം.

വിളറിയ നിറവും
കൊല്ലപ്പെടുമ്പോള്‍

കൂറകളാണ് ശേഷിക്കുന്നത്.

...2000...

നെഗറ്റീവുകള്‍




തീകൊണ്ട്
നാം അമ്മയുടെ ചിത്രങ്ങള്‍
കോറിയിടുന്നു.
സഹനത്തിന്റെയടിക്കുറിപ്പ്
നേരത്തേ കൊടുക്കുന്നു.

അവിയലിന്റെ കഷണങ്ങള്‍
അച്ഛന്‍ പാകം.
ത്യാഗത്തിന്റെ തലക്കുറി
ടൈപ്പു ചെയ്ത് വെച്ചിരിക്കുന്നു.

എരിവെയിലില്‍
സ്നേഹസുരക്ഷകള്‍
പെയിന്റു ചെയ്തു കയറ്റുന്നു.

-എനിക്ക്
അച്ഛനേയുമമ്മയേയും
ഇഷ്ടപ്പെടേണ്ടതുണ്ട്.

കംപ്യൂട്ടര്‍ കൊണ്ട്
എന്റെ പ്രണയത്തിന്
വിപ്ലവത്തിന്റെ ലേ ഔട്ടും
നിറവും, മണവും കുത്തിവെയ്ക്കുന്നു.

-ഒരുവന്റെ പ്രണയം
അവനിഷ്ടപ്പെടേണ്ടതുണ്ട്.

കടലാകാശനീലിമകള്‍;
കാര്‍വര്‍ണ്ണന്റെ രാസലീല
പെങ്ങള്‍ ചാനല്‍ കാണുന്നു.

കണ്ണടയില്‍ ഞാനവളെ,
കുങ്കുമം, സാരിത്തലപ്പ്, പര്‍ദ്ദ, യെന്ന്
ചേരുംപടി പ്രോഗ്രാം ചെയ്തെടുക്കുന്നു.
ഇഷ്ടക്കാഴ്ചകള്‍ കാണേണ്ടതുണ്ടവള്‍,
ഇഷ്ടപ്പെടേണ്ടതുണ്ടെനിക്കുമവളെ
-പെങ്ങളെന്നോര്‍ക്കെ.

...2000...